കേരളത്തിലെ 44 പുഴകളില്‍ 21 എണ്ണവും മലിനീകരിക്കപ്പെട്ടതെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍
തിരുവനന്തപുരം: രാജ്യത്ത് മലിനീകരിക്കപ്പെട്ടതായി കണ്ടെത്തിയ 351 നദീഭാഗങ്ങളുടെ പട്ടികയില്‍ കേരളത്തിലെ 21 നദീഭാഗങ്ങള്‍ ഉള്‍പ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ്, ഫീക്കല്‍ കോളിഫാം ബാക്ടീരിയയുടെ അളവ് എന്നിവ കണക്കിലെടുത്ത് 5 മുന്‍ഗണനാ ക്രമം തീരുമാനിച്ചിട്ടുണ്ട്. അഞ്ചാം ഗണത്തിലാണ് ഭാരതപ്പുഴ ഉള്‍പ്പെട്ടിരിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തോടുകൂടി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് റിവര്‍ റിജ്യുവനേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പട്ടാമ്പി മേഖലയിലെ നദീഭാഗങ്ങളില്‍ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തീകരിച്ചെങ്കിലും പൊന്നാനി മേഖലയിലെ നദീഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടില്ല.
ഇരുപതോളം കോടി രൂപയുടെ പദ്ധതികളാണ് പട്ടാമ്പി നഗരസഭയ്ക്ക് കീഴിൽ നടന്നതെന്നാണ് നിയമസഭാ രേഖകൾ പറയുന്നത്. പദ്ധതി നടത്തിപ്പിനായുള്ള തുക അതത് സ്ഥാപനങ്ങളും വകുപ്പുകളും കണ്ടെത്തണമെന്നായിരുന്നു നിർദേശം. പദ്ധതി നടപ്പിലാക്കാൻ നടപടി കൈക്കൊണ്ടെങ്കിലും മൂന്ന് വർഷമായിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.