കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ സി മൊയ്‌തീൻ 11 ന് ഹാജരാകണം; ബെനാമി ലോൺ അനുവദിച്ചതിൽ അന്വേഷണം
തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്‌തീൻ 11 ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. ചോദ്യം ചെയ്യലിനെത്താൻ കൂടുതൽ സാവകാശം നൽകണമെന്ന മൊയ്തീന്റെ ആവശ്യം ഇ ഡി തള്ളി. രാവിലെ 11 ന് കൊച്ചി ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂര്‍ ബാങ്കിൽ നിന്നും ബെനാമി ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇത് മൂന്നാം തവണയാണ് ഇ ഡി മൊയ്തീന് നോട്ടീസ് നൽകുന്നത്. രണ്ട് വട്ടം അസൗകര്യം ചൂണ്ടികാട്ടി എ സി മൊയ്ദീൻ ഹാജരായിരുന്നില്ല.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കഴിഞ്ഞ ദിവസമാണ് രണ്ട് പേർ അറസ്റ്റിലായത്. മുഖ്യ ആസൂത്രകൻ ഒന്നാംപ്രതി സതീഷ് കുമാറാണ്. രണ്ടാം പ്രതി പി പി കിരണിനും സതീഷ് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരൺ തട്ടിയെടുത്ത 24.57 കോടി രൂപയിൽ നിന്ന് 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഹാജരാക്കിയ പ്രതികളെ വരുന്ന വെള്ളിയാഴ്ച മൂന്ന് മണി വരെ കൊച്ചിയിലെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. ഉന്നത വ്യക്തി ബന്ധങ്ങളുമായുള്ള സതീഷ്കുമാറിന്‍റെ ഇടപെടലിലാണ് കിരണിന് ബാങ്കിൽ നിന്ന് വായ്പ കിട്ടിയതെന്ന് ഇഡി ആരോപിക്കുന്നു. 51 ബെനാമി ഇടപാടുകളിലൂടെയാണ് 24.57 കോടി രൂപ പി.പി. കിരൺ വായ്പയായി തട്ടിയെടുത്തത്. ഇതിൽ നിന്ന് 14 കോടി രൂപ അക്കൗണ്ട് വഴിയും നേരിട്ടും സതീഷിന് കൈമാറി. സതീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിലെ ഉന്നതരുടെ പങ്കിനെ കുറിച്ച് വിവരങ്ങൾ കിട്ടാൻ പ്രതികളെ തുടർന്നും ചോദ്യം ചെയ്യണമെന്ന ഇഡി ആവശ്യം പരിഗണിച്ചാണ് കോടതി പ്രതികളുടെ കസ്റ്റഡി അപേക്ഷ അനുവദിച്ചത്.