Saturday, October 19, 2024
Kerala

കരിപ്പൂരിൽ വൻ സ്വർണ വേട്ട: 4 കിലോ സ്വർണവുമായി ഒരാൾ പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 4 കിലോ സ്വർണവുമായി കോഴിക്കോട് മടവൂർ സ്വദേശി മുഹമ്മദ് ഫാറൂഖാണ് എയർ ഇൻറ്റലിജൻസിന്റെ പിടിയിലായത്. 2.5 കോടി രൂപ വില മതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. സ്വർണ ബിസ്കറ്റുകളും മാലയും കാപ്സ്യൂളുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. അബുദാബിയിൽ നിന്നെത്തിയ ഇയാളുടെ അടി വസ്ത്രത്തിൽ നിന്ന് സ്വർണ മാലയും കണ്ടെടുത്തു. 70,000 രൂപയും വിമാന ടിക്കറ്റുമാണ് ഇയാൾക്ക് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നത്. അതേസമയം ജിദ്ദയിൽ നിന്നെത്തിയ മറ്റൊരു വിമാനത്തിൻ്റെ സീറ്റിന് അടിയിൽ നിന്നും സ്വർണ ബിസ്ക്കറ്റുകളും കണ്ടെടുത്തു. 2.5 കോടി രൂപ വില മതിക്കുന്നതാണ് പിടിച്ചെടുത്ത സ്വർണം. രണ്ട് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തിരുന്നു. മസ്കറ്റിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് നാല് കാപ്സ്യൂളുകളാക്കി സ്വർണം കൊണ്ടുവന്നത്. അതേസമയം കഴിഞ്ഞമാസം, തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിന്‍റെ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തിയിരുന്നു. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് കുഴമ്പ് രൂപത്തിലുള്ള ഒരു കിലോയ്ക്കടുത്തുള്ള സ്വർണം കണ്ടെടുത്തത്. വേർതിരിച്ചെടുത്തപ്പോൾ 965.09 ഗ്രാം സ്വർണമുണ്ടായിരുന്നതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.

പിടിച്ചെടുത്ത സ്വർണത്തിന് അൻപത്തിയേഴരലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് അസിസ്റ്റന്‍റ് കമ്മിഷണർ എ എം നന്ദകുമാർ, സൂപ്രണ്ടുമാരായ സനവേ തോമസ്, വീരേന്ദ്രകുമാർ, ഗീതാ സന്തോഷ്, ഇൻസ്പെക്ടർമാരായ ടൈറ്റിൽ മാത്യു, ഹെഡ് ഹവിൽദാർമാരായ ബാബുരാജ്, പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published.