ആരെയും വെയിലത്ത് നിർത്തില്ലെന്ന് വി ഡി സതീശൻ; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി
കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുടുംബത്തിലെ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനുള്ളതാണ്. അത് ചർച്ചകളിലൂടെ പരിഹരിക്കും. ഹരിപ്പാട് രമേശ് ചെന്നിത്തയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സതീശന്റെ പ്രതികരണം
കോൺഗ്രസിൽ തുടർച്ചയായുള്ള ചർച്ചകൾ നടത്തും. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടത്തും. എല്ലാവരെയും വിശ്വാസത്തിലെടുത്തു കൊണ്ടാകും ചർച്ചകൾ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മാർഗനിർദേശങ്ങൾ നൽകേണ്ട നേതാക്കളാണ്. ആരെയും വെയിലത്ത് നിർത്തി പാർട്ടിക്ക് മുന്നോട്ടു പോകാനാകില്ലെന്നും സതീശൻ പറഞ്ഞു
പ്രശ്‌നപരിഹാരത്തിനായി വി ഡി സതീശൻ ചർച്ചക്ക് മുൻകൈയെടുത്തത് നല്ല കാര്യമാണെന്നും പൂർണമായി സഹകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.