ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുള്ളതിനാല്‍ ഗര്‍ഭം അലസിപ്പിക്കണമെന്ന അമ്മയുടെ ആവശ്യം തള്ളി ഹൈക്കോടതി
ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുള്ളതിനാല്‍ 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കണമെന്ന അമ്മയുടെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശിനിയായ അമ്മ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഗര്‍ഭസ്ഥ ശിശുവിനും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. നവജാത ശിശുവില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് പി. ബി സുരേഷ് കുമാര്‍ ഹരജി തള്ളിയത്.
ഹരജിക്കാരി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ആവശ്യം നിഷേധിച്ചു. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമഭേദഗതിക്ക് നടപടി തുടങ്ങിയെങ്കിലും ഇതു വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് കോടതി വിലയിരുത്തി.