ജീവന് ഭീഷണിയായി കുരങ്ങ്:പട്ടിക തലയിൽ വീണ് വയോധികയ്ക്ക് പരിക്ക്;പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ
സുൽത്താൻ ബത്തേരി: ബത്തേരി ടൗണിനോട് ചേർന്ന് കിടക്കുന്ന മാനിക്കുനി പ്രദേശ വാസികളാണ് കുരങ്ങ് ശല്യത്താൽ പൊറുതി മുട്ടിയിരിക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകൾ സ്വത്തുക്കൾ നശിപ്പിക്കുന്നതിനൊപ്പം ജീവനും ഭീഷണിയാവുകയാണ്. വീടിൻ്റെ മേൽക്കൂരയിൽ നിന്നും പട്ടിക താഴേക്ക് എറിഞ്ഞ് പ്രദേശവാസിയായ 75 കാരി ചോനായിൽ സൈനബയുടെ തലയ്ക്ക് പരുക്കേറ്റു.
വ്യാഴാഴ്ച രാവിലെ വീടിനു പുറത്ത് സൈനബ നിൽക്കുമ്പോഴാണ് വീടിനു മുകളിൽ നിന്നും കുരങ്ങുകൾ പട്ടിക താഴേക്ക് ഇട്ടത്. പട്ടിക വീണ് സൈനബയുടെ തലയ്ക്ക് പരുക്കേൽക്കുകയായിരുന്നു. ഇത്തരത്തിൽ കുരങ്ങുകളുടെ ഉപദ്രവം മനുഷ്യർക്കു നേരെയും തിരിഞ്ഞതോടെയാണ് മാനിക്കുനിയിലെ കുടുംബങ്ങൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരിക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകൾ കൃഷികളും വീടിനു പുറത്ത് സൂക്ഷിക്കുന്ന സാധനങ്ങളും നശിപ്പിക്കുന്നതും എടുത്തു കൊണ്ടു പോകുന്നതും പതിവാണ്. വീടിൻ്റെ മേൽക്കൂരയിൽ പതിച്ച ഓടുകളടക്കം ഇളക്കി മാറ്റി താഴെയിടുകയാണ്. നാളുകളേറെയായി കുരങ്ങ് ശല്യത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെടാൻ തുടങ്ങിയിട്ട്. എന്നാൽ യാതൊരു പരിഹാരവും കാണാതിരുന്നവർ ഇന്ന് ഒരാൾക്ക് പരിക്കേറ്റപ്പോഴാണ് കൂട് സ്ഥാപിക്കാൻ തന്നെ തയ്യാറായതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിൽ ശല്യക്കാരായ കുരങ്ങുകളെ പിടികൂടി പ്രദേശത്തു നിന്നും നീക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.