Saturday, January 4, 2025
Kerala

സ്വകാര്യ രക്തബാങ്കുകൾക്കായി കള്ളക്കളി; ഗർഭിണികളെ പിഴിഞ്ഞ് ഡോക്ടർമാർ, സംഭവം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തുന്ന ഗർഭിണികളെ സ്വകാര്യ രക്തബാങ്കുകളിലേക്ക് പറഞ്ഞുവിട്ട് സര്‍ക്കാര്‍ ഡോക്ടർമാർ. കഴിഞ്ഞ വർഷം 359 പേരെയാണ് രക്തം ക്രോസ്മാച്ചിങ് ചെയ്യാൻ തൊട്ടടുത്തുള്ള മുത്തൂറ്റ് ആശുപത്രിയിലേക്ക് വിട്ടത്. ക്രോസ് മാച്ചിങും രക്തം ആവശ്യമായി വന്നാൽ അതും സൗജന്യമായി ലഭ്യമാക്കാൻ സൗകര്യമുള്ളപ്പോഴാണ് അധികൃതരുടെ കള്ളക്കളി.

പ്രസവ ചികിത്സയ്ക്കായി നിരവധി സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന സർക്കാർ ആതുരാലയമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. സിസേറിയൻ നിർദേശിക്കുന്ന ഗർഭിണികളുടെ രക്തം ആദ്യം ക്രോസ് മാച്ചിങ് ചെയ്യണം. പിന്നീട് രക്തം ആവശ്യമായി വന്നാൽ അധികം ദൂരെയല്ലാത്ത പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് ലഭ്യമാക്കും. ഈ സേവങ്ങളെല്ലാം സൗജന്യമെന്നാണ് സർക്കാർ നയം. എന്നാല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിലെ ഗൈനക്കോളജി വിഭാഗത്തിൽ നടക്കുന്നത് വന്‍ കള്ളക്കളിയാണെന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ വർഷം 16 പേര്‍ മാത്രമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രക്തം ക്രോസ് മാച്ചിങ് ചെയ്തത്. എന്നാല്‍, തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഈ പരിശോധനയ്ക്ക് പറഞ്ഞുവിട്ടവരുടെ എണ്ണം 359 ആണ്. ഇതിൽ 30 പേർ രക്തം അവിടെ നിന്ന് പണം കൊടുത്തു വാങ്ങുകയും ചെയ്തു. ഈ വർഷം ജൂൺ വരെയുള്ള കണക്ക് നോക്കിയാല്‍, കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ വെറും 18 പേർ മാത്രമാണ് രക്തം ക്രോസ് മാച്ചിങ് ചെയ്തത്. എന്നാല്‍, 123 പേരെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത്. സൗജന്യമായി നടക്കേണ്ട ക്രോസ് മാച്ചിങ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രിയിൽ നൽകേണ്ടത് 900 രൂപയാണ്. രക്തം വാങ്ങിയാൽ 3000 രൂപയും നൽകണം.

സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നുള്ള കമ്മീഷൻ ഏർപ്പാടാണ് കോഴ‍ഞ്ചേരി ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. സംഭവത്തില്‍ ചില പരാതികൾ വന്നെന്നും പ്രാഥമിക അന്വേഷണം ആരോഗ്യവകുപ്പ് തുടങ്ങിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നു. ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പ്രധാന ആശുപത്രിയിലാണ് സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നുള്ള ഈ കൂട്ടുകച്ചവടം

Leave a Reply

Your email address will not be published. Required fields are marked *