കഞ്ചിക്കോട് ദേശീയപാതയിൽ പണം തട്ടിയ കേസ്; രണ്ട് പേർ കൂടി പൊലീസ് പിടിയിൽ, ഇതുവരെ പിടിയിലായത് 7 പേര്‍
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ നിന്ന് പണം തട്ടിയ സംഘത്തിലെ രണ്ട് പേർ കൂടി പോലീസിൻ്റെ പിടിയിൽ. തൃശൂർ സ്വദേശി അരുൺ, കോടാലി സ്വദേശി അജയ് എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ഇരുവരും പണം തട്ടിയ സംഭവത്തിൽ നേരിട്ട് പങ്കെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി.
കഴിഞ്ഞ ദിവസമാണ് പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ വൻ കവർച്ച നടന്നത്. കാർ തടഞ്ഞ് നിര്‍ത്തി നാലര കോടി കവർന്നതായി പൊലീസിൽ പരാതി ലഭിച്ചു. മേലാറ്റൂർ സ്വദേശികളായ ഇവ്നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് പാലക്കാട് കസബ പൊലീസിൽ കവര്‍ച്ചയെ കുറിച്ച് പരാതി നൽകിയത്. കഞ്ചിക്കോട്ട് വെച്ച് സിനിമാ സ്റ്റൈലിൽ കാറിന് കുറുകെ ടിപ്പർ നിർത്തിയിട്ട് തടഞ്ഞാണ് ഒരു സംഘം കവർച്ച നടത്തിയത്. ടിപ്പറിനൊപ്പം രണ്ട് കാറുകളിലെത്തിയ 15 അംഗ സംഘമാണ് കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുത്തതെന്നാണ് പരാതിയിലുള്ളത്. കവർച്ചയ്ക്ക് പിന്നിൽ ദേശീയ പാത കേന്ദ്രീകരിച്ചുള്ള സംഘമെന്ന് പൊലീസിന്റെ നിഗമനം.