Thursday, January 23, 2025
Kerala

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസ്; ട്രേഡിംഗ് കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം, പൊലീസ് ഗോവയിലേക്ക്

കോഴിക്കോട്: എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ തേടി അന്വേഷണ സംഘം നാളെ ഗോവയിലേക്ക് തിരിക്കും. ഗോവയിലെ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്ക് തട്ടിയെടുത്ത പണമെത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ നീക്കം. പരാതിക്കാരന് ലഭിച്ച വീഡിയോ കോളിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വാട്സ്ആപ് അധികൃതര്‍ക്ക് അന്വേഷണ സംഘം വീണ്ടും ഇ മെയില്‍ അയച്ചിട്ടുണ്ട്.

ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് സുഹൃത്തിന്‍റെ മുഖം വ്യാജമായി നിര്‍മ്മിച്ച് വീഡിയോ കോള്‍ ചെയ്ത് 40,000 രൂപ തട്ടിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ തേടിയാണ് അന്വേഷണ സംഘം നാളെ ഗോവയിലേക്ക് പോകുന്നത്. അഹമ്മദാബാദ് സ്വദേശിയുടെ ജിയോ പെയ്മെന്‍റ് അക്കൗണ്ടിലേക്കായിരുന്നു തട്ടിയെടുത്ത പണം ആദ്യമെത്തിയത്. ഈ തുക നാല് തവണയായി മഹരാഷ്ട്ര ആസ്ഥാനമായ രത്നാകര്‍ ബാങ്കിന്‍റെ ഗോവയിലെ അക്കൗണ്ടിലേക്കെത്തി. ഗോവയിലെ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കമ്പ്യൂട്ടര്‍ ആക്സസറീസ് വിതരണം ചെയ്യുന്ന ഈ കമ്പനി കേന്ദ്രീകരിച്ച് ഷെയര്‍ മാര്‍ക്കറ്റ് ഇടപാടുകളും നടത്തുന്നുണ്ട്. ഈ പണം എന്ത് ആവശ്യത്തിന് ആരാണ് നല്‍കിയതെന്ന വിവരം തേടാനാണ് കോഴിക്കോട് സൈബര്‍ ക്രൈം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഗോവയിലേക്ക് പോകുന്നത്.

അഹമ്മദാബാദ് സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടായതിനാല്‍ ഈ അക്കൗണ്ടുടമക്കായി ഗുജറാത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. വ്യാജ രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ടെടുത്തതാകാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല. ഇതിന് പുറമേ വീഡിയോ കോള്‍ ചെയ്തിരിക്കുന്ന ഡിവൈസ് ഏതാണെന്ന് കണ്ടെത്താനായി അന്വേഷണ സംഘം വാട്സ്ആപ് അധികൃതര്‍ക്ക് വീണ്ടും മെയില്‍ അയച്ചിട്ടുണ്ട്. ഈ വിവരം ലഭിച്ചാല്‍ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *