Thursday, April 17, 2025
Kerala

നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര നടത്തും;ഷംസീറിന്റെ മൂത്താപ്പയാണ് റിയാസെന്ന് കെ സുരേന്ദ്രൻ

മിത്ത് വിവാദത്തിൽ ഷംസീർ മാപ്പ് പറയുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ 10ന് സംസ്ഥാന നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര നടത്തുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു. വിഷയത്തിൽ കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണ്. എഎൻ ഷംസീറിന്റെ അധ്യക്ഷതയിൽ കോൺഗ്രസ്‌ നിയമസഭ സമ്മേളനത്തിന് കൂടുമോയെന്ന് വ്യക്തമാക്കണം. നിയമ സഭക്കുള്ളിൽ സ്പീക്കറെ ബഹിഷ്കരിക്കുമോയെന്ന് കോൺഗ്രസ്‌ വ്യക്തമാക്കണം.

ശബരിമല വിഷയത്തിലും കോൺഗ്രസ്‌ നിലപാട് ഇതായിരുന്നു. ഒരു ഘട്ടത്തിലും കോൺഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.ബോധപൂർവമായ വർഗീയ നീക്കമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് പ്രതികരിക്കും എന്നറിയണം. വർഗീയത പ്രചരിപ്പിക്കുന്നതിൽ സ്പീക്കർ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസെന്നും കുറ്റപ്പെടുത്തി. പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ്‌ റിയാസാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എംവി ഗോവിന്ദന്റെ അപ്പുറം പറയാനുള്ള ധാർഷ്ട്യം മുഹമ്മദ് റിയാസിന് എങ്ങനെ കിട്ടുന്നു? മരുമകൻ പറഞ്ഞതാണോ പാർട്ടി സെക്രട്ടറി പറഞ്ഞതാണോ സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *