‘കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചാല്‍ മാത്രം പോര, പ്രവര്‍ത്തിക്കണം’; കെപിസിസി ജനസദസില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍
ഏകീകൃത സിവില്‍കോഡ്, മണിപ്പൂര്‍ സംഘര്‍ഷം മുതലായ വിഷയങ്ങള്‍ക്കെതിരെ കെപിസിസി സംഘടിപ്പിച്ച ജനസദസില്‍ പങ്കെടുത്ത് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്ലീം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് സമസ്ത നേതാവും എത്തിയത്. രാജ്യത്തെ എല്ലാ മതവിഭാഗങ്ങളേയും മതമില്ലാത്തവരേയും ഒക്കെ ഒരുമിച്ച് കൊണ്ടുപോയി ഭരിക്കാന്‍ സാധിക്കുമെന്ന് അനുഭവത്തിലൂടെ തെളിയിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രശംസിച്ചു.
രാജ്യത്തെ എല്ലാവേരേയും ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് സമസ്ത നേതാവ് പറയുന്നു. എന്നിരിക്കിലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചാല്‍ മാത്രം പോര പ്രവര്‍ത്തിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസിനെ രാജ്യത്തെ വലിയ ശക്തിയായി കൊണ്ടുവരാനായി നേതാക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎം സെമിനാര്‍ സംഘടിപ്പിച്ച സമയത്ത് സമസ്ത ഒരു പ്രതിനിധിയെ മാത്രമാണ് അയച്ചതെങ്കില്‍ കെപിസിസി സെമിനാറില്‍ സമസ്ത അധ്യക്ഷന്‍ തന്നെ നേരിട്ടെത്തി എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കെപിസിസി ജനസദസ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മുസ്ലീംലീഗ്, സമസ്ത നേതാക്കളും ജനസദസില്‍ പങ്കെടുത്തു.