സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 10 മുതൽ 20 ശതമാനം വരെ സീറ്റുകൾ കൂട്ടും. മലബാർ മേഖലയിൽ സ്കൂളുകളിൽ ആവശ്യാനുസരണം സീറ്റില്ലാത്തത് വിദ്യാർഥികളുടെ തുടർപഠനത്തിന് വെല്ലുവിളിയായിരുന്നു. അതേസമയം തെക്കൻ കേരളത്തിൽ നിരവധി സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യവുമുണ്ട്.
പ്രവാസികൾക്ക് 5000 രൂപ ധനസഹായം നൽകുന്നതിന് നോർക്കയ്ക്ക് 50 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. സഹകരണ വകുപ്പിലെ ഓഡിറ്റർമാരുടെ 75 താൽകാലിക തസ്തിക സ്ഥിരമാക്കി. 86 മുതലുള്ള തസ്തികളാണിവ. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മന്ത്രിസഭാ യോഗത്തിൽ പ്രധാനമായും ചർച്ചയായത്. പ്രതിരോധത്തിന് പോലിസിന് കൂടുതല്‍ അധികാരം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യവും മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനക്ക് വന്നുവെന്നാണ് സൂചന. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാൽ ഓണ്‍ലൈന്‍ വഴിയാണ് ഈ ആഴ്ചയും മന്ത്രിസഭ യോഗം ചേർന്നത്.