Monday, January 6, 2025
KeralaTop News

സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്ക്? തീരുമാനം 27ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍

സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. ഉടന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. അതേസമയം തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. വരും ദിവസങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കൂടി പരിഗണിച്ചായിരിക്കും ലോക്ഡൗണ്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. നാളെ കോവിഡുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം നടക്കാനുണ്ട്. വിദഗ്ധരുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനെല്ലാം ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

അതേസമയം സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് കൂടുതല്‍ ശക്തമായ ലോക്ക്ഡൗണെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ വേണ്ടിവരുന്നതെന്നും എന്നാല്‍ എത്രദിവസം ഈ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും അദ്ദേഹം പറഞ്ഞു ‘ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇത് വരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇന്നലത്തേത്. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നതും. ഇതില്‍ 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *