തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ കേരളത്തിൽ നിന്ന് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ
ഭാരതത്തിലെ പുരാണങ്ങളിലും, ഉപനിഷത്തുകളിലും പ്രതിപാദിച്ചിരിക്കുന്ന പുണ്യസ്ഥലങ്ങളും, ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീർത്ഥാടന കേന്ദങ്ങളും സന്ദർശിക്കുവാൻ അവസരവുമായി ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി) ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിക്കുന്നു.
ഭാരത സർക്കാരിന്റെ “ദേഖോ അപ്നാ ദേശ്”, “ഏക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകൾ ഓടിച്ചുവരുന്നു. ഈ വിഭാഗത്തിലെ അടുത്ത ട്രെയിൻ യാത്ര 2023 ജൂലൈ 20-ന് കേരളത്തിൽ നിന്നും യാത്രതിരിച്ച് ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോധ്യ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിച്ച് ജൂലൈ 31-ന് തിരികെ വരുന്നു.
സ്ലീപ്പർ ക്ലാസും, 3 ടയർ എസി സൗകര്യവുമുള്ള അത്യാധുനികമായ എൽ.എച്ച്.ബി ട്രെയിനിൽ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ റെയിൽവേ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ഒരു തീർത്ഥാടന യാത്ര എന്നതിലുപരി ഭാരതത്തിന്റെ സമ്പന്നമായ പൈതൃകം പേറുന്ന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനാൽ ചരിത്ര കുതുകികളായ ടൂറിസ്റ്റുകൾക്കും ഈ യാത്ര ഉപകാരപ്രദമാണ്.
എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് ആകെ 754 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ.
വിനോദസഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്.
ട്രെയിൻ യാത്ര, രാത്രി താമസം, യാത്രയ്ക്കുള്ള വാഹനം എന്നിവ ഇനിപ്പറയുന്ന രീതിയിൽ നൽകുന്നതാണ്.
ബുക്കിംഗ് സമയത്ത് തെരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പർ ക്ലാസിലോ 3 എസിയിലോ ട്രെയിൻ യാത്ര, എ.സി അല്ലെങ്കിൽ നോൺ എ.സി വാഹനങ്ങളിൽ യാത്ര.
രാത്രി താമസത്തിനായി എസി ഹോട്ടലുകളിൽ താമസം.
വെജിറ്റേറിയൻ ഭക്ഷണം (രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം).
ടൂർ എസ്കോർട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം.
യാത്രാ ഇൻഷ്വറൻസ്.
നോൺ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 24350/- രൂപയും തേർഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 36340/- രൂപയുമാണ്.