രക്ഷാദൗത്യത്തിന് യുക്രൈന്റെ സഹായമുണ്ടെന്ന് ഇന്ത്യ; കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായുള്ള രക്ഷാദൗത്യത്തിന് യുക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി. ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുണ്ടാകുമെന്ന് ഇന്ത്യൻ എംബസിയുടെ പുതിയ നിർദേശം. കിവിൽ നിന്ന് ഇന്ത്യക്കാരെ ട്രെയിനിൽ അതിർത്തിയിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്നാണ് നിർദേശം. ഇക്കാര്യം നിർബന്ധമായും ഇന്ത്യക്കാർ പാലിക്കണമെന്ന് എംബസി അറിയിച്ചു.കീവിൽ നിന്നുള്ള ട്രെയിൻ സർവീസ് സൗജന്യമായിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമെത്തുന്നവർക്കാണ് മുൻഗണന ലഭിക്കുക.
സർവീസുകൾ സംബന്ധിച്ച സമയവിവരങ്ങളും ഷെഡ്യൂളുകളും സ്റ്റേഷനിലുണ്ടാകും. ഈ അവസരം ഇന്ത്യക്കാർ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. അതേസമയം ട്രെയിൻ സർവീസ് ഇന്ത്യക്കാർക്ക് വേണ്ടി മാത്രമുള്ളതാണോയെന്ന കാര്യം വ്യക്തമല്ല.