കേരളത്തിലെ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കോവിഡ് കേസുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. പട്ടിക പുറത്തുവന്നതോടെ, ഇതിലെ കള്ളക്കളികളും പുറത്തുവന്നിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഏറ്റവും കുറഞ്ഞ മരണ നിരക്കിന്റെ പേരിലുള്ള അവകാശവാദമായിരുന്നു ഇത്രയും നാൾ കേരളം ഉയർത്തിപ്പിടിച്ചിരുന്നത്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മരണപ്പെവർ 13,716 പേരാണ്. എന്നാൽ, ഇത്രയും തന്നെ പേരുടെ ലിസ്റ്റ് മറച്ചുവെച്ചിരിക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
സർക്കാർ, മരണക്കണക്കിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. കോവിഡ് പട്ടികയിൽ ഉൾപ്പെടുത്താത്ത മരണങ്ങൾ എത്രയും പെട്ടന്ന് ഉൾപ്പെടുത്തണമെന്ന് അറിയിച്ചത് ആരോഗ്യമന്ത്രി വീണ ജോർജ് ആണ്. ഇപ്പോഴിതാ, നിലവിലുള്ള കോവിഡ് മരണങ്ങളുടെ അത്ര തന്നെ മരണങ്ങൾ പട്ടികയിൽ ഉൾപ്പെടാതെ പുറത്താക്കപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് 13,000 കോവിഡ് മരണങ്ങൾ ഔദ്യോഗിക പട്ടികയ്ക്കു പുറത്താണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര–സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ പട്ടികയിൽ നിന്നും പുറത്തായവരുടെ കുടുംബങ്ങൾക്ക് യാതൊന്നും ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് മരണക്കണക്കിൽ വ്യക്തത വരുത്താൻ സർക്കാർ തീരുമാനിച്ചത്.
കോവിഡ് ബാധിച്ച് മരിച്ച പതിമൂവായിരത്തോളം പേരുടെ വിവരങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ലെന്നാണ് മനോരമയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്ന് ഏഴായിരത്തോളം കോവിഡ് മരണവും ബാക്കി 8 ജില്ലകളിലായി ആറായിരത്തിലേറെ മരണം കൂടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, സംസ്ഥാനമാകെ 13,000 കോവിഡ് മരണം ഔദ്യോഗിക പട്ടികയ്ക്കു പുറത്തായി.