കണ്ണൂർ നഗര മധ്യത്തിൽ യുവാവ് വെട്ടേറ്റു മരിച്ചു; ചോരവാർന്ന് വഴിയിൽ കിടന്നത് ഏറെനേരം
കണ്ണൂർ നഗര മധ്യത്തിൽ യുവാവ് വെട്ടേറ്റു മരിച്ചു. കണിച്ചാർ പൂളക്കുറ്റി സ്വദേശിയും ലോറി ഡ്രൈവറുമായ വി ഡി ജിന്റോയാണ് കൊല്ലപ്പെട്ടത്. ജില്ലാ പോലീസ് ആസ്ഥാനത്തിനും ടൌൺ സ്റ്റേഷനും സമീപത്താണ് കൊലപാതകം അരങ്ങേറിയത്. നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടമെന്നും പോലീസ് ഇടപെടൽ കാര്യക്ഷമല്ലെന്നും ആക്ഷേപമുണ്ട്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നഗരമധ്യത്തിലെ ജവഹർ സ്റ്റേഡിയത്തിനു സമീപമാണ് സംഭവം. നിർത്തിയിട്ടിരുന്ന ലോറിക്കുള്ളിൽ വിശ്രമിക്കവേയാണ് ജിന്റോയെ അക്രമി സംഘം ആയുധമുപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചത്. ജിന്റോയോടെ വലതുകാലിനാണ് വെട്ടേറ്റത്. പ്രാണരക്ഷാർഥം ടൗൺ സ്റ്റേഷന് സമീപത്തേക്ക് ഓടിയ ജിന്റോ വഴിയിൽ തളർന്നു വീണു. ഏറെ സമയം വഴിയിൽ ചോരവാർന്ന് കിടന്നെങ്കിലും സഹായത്തിന് ആരും എത്തിയില്ല. പിന്നീട് ഫയർഫോഴ്സ് ആംബുലൻസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.
നഗരത്തിലെ സുരക്ഷ കടുത്ത ആശങ്കയിലെന്ന് കണ്ണൂർ മേയർ പറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്തിന് സമീപത്തായിട്ടും ആക്രമണം ആരും അറിയാതിരുന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് ജിൻ്റോയുടെ സുഹൃത്ത് സനിൽ അറിയിച്ചു. അക്രമികളെന്ന് സംശയിക്കുന്ന 2 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.