Monday, April 14, 2025
Kerala

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ പ്രതിഷേധം; യുഡിഎഫിന്റെ രാജ്ഭവൻ സത്യ​ഗ്രഹം ഇന്ന്

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ രാജ്ഭവന്‍ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന മാര്‍ച്ചില്‍ കേരളത്തിന്‍റെ ചുമലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

ഇതിനിടെ എംപി സ്ഥാനം പോയശേഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്ന ഏപ്രില്‍ 11ന് റാലി സംഘടിപ്പിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പങ്കെടുക്കുക. ഏപ്രില്‍ 13ന് മണ്ഡലം തലത്തില്‍ നൈറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.

അതേസമയം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം രാത്രി നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നൈറ്റ് മാർച്ചിൽ പങ്കെടുത്തു.

രാഹുൽ ഗാന്ധിയെ ആർ.എസ്.എസിനും മോദിക്കും ഭയമാണെന്ന് ബി.വി ശ്രീനിവാസ് പറഞ്ഞു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതിന് ആർ.എസ്.എസിന് അസൂയയാണ്. രാജ്യത്ത് കർഷകരും പാവപ്പെട്ടവരും അപകടത്തിലാണ്. കോൺഗ്രസ് പാർട്ടിയുള്ളിടത്തോളം കാലം രാജ്യത്തെ ഭിന്നിപ്പിക്കാനാകില്ല. മോദിക്ക് വിഷൻ ഇല്ലെന്നും ടെലിവിഷൻ മോദിയാണെന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *