Tuesday, January 7, 2025
Kerala

ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വർക്കല ഇടവയിൽ രണ്ടു പേർ അറസ്റ്റിൽ

കൊല്ലം: റെയിൽവേ ട്രാക്കില്‍ തെങ്ങിന്‍തടി ​വെച്ച്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. അട്ടിമറി ശ്രമം നടത്തി മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ പൊലീസ് പ്രതികളെ പിടികൂടിയത്. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരെ പിടികൂടി.
ഞാ‍യറാഴ്ച പുലര്‍ച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം.

ട്രാക്കിൽ തെങ്ങിൻ തടി വെച്ചതിനു പിന്നാലെ അതുവഴി കടന്നുവന്ന ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ തടിയിൽ തട്ടിയ ഉടൻ നിർത്തുകയായിരുന്നു. ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് ട്രാക്കിലുണ്ടായിരുന്ന വലിയ തടി കഷ്ണം എടുത്തു മാറ്റുകയായിരുന്നു. ട്രെയിൻ വേഗം കുറച്ചു വന്നതിനാലാണ് വൻ അപകടം ഒഴിവായതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.

ട്രാക്കിൽ നിന്ന് ലഭിച്ച തടിക്കഷണം ഉടൻ തന്നെ കൊല്ലം ആര്‍. പി. എഫ് പോസ്​റ്റില്‍ എത്തിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് ചീഫ് രാജേന്ദ്ര​ന്‍റെ നിര്‍ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചു. ഡി വൈ. എസ്. പി കെ. എസ്. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ ​ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഇന്‍റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്‍, വിമല്‍ എന്നിവരടങ്ങുന്ന പ്രത്യക സംഘം ആണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

അധികം വൈകാതെ തന്നെ അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി. പുലർച്ചെ മുതൽ കാപ്പില്‍ പാറയില്‍ നിവാസികളായ നൂറോളം പേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് തെങ്ങിൻ തടി കൊണ്ടുവന്നതെന്ന് സംശയം തോന്നിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. തുടർന്ന് ഇവരെ തുടർ നടപടികൾക്കായി കൊല്ലം ആർ പി എഫ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *