ഉത്സവത്തിനായി പിരിച്ച തുകയില്‍ ഒരുഭാഗം നിര്‍ധനരായ രോഗികള്‍ക്ക്; കോട്ടമല ക്ഷേത്രത്തിലെ വേറിട്ട മാതൃക
ഉത്സവാഘോഷങ്ങള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസംകൂടിയായി മാറണമെന്ന സന്ദേശം മുന്നോട്ടു വയ്ക്കുകയാണ് പത്തനംതിട്ട തണ്ണിത്തോട് കുഞ്ഞിനാംകുടി കോട്ടമല നട ക്ഷേത്ര ഭാരവാഹികള്‍. ഉത്സവത്തിനായി പിരിച്ചു തുകയില്‍ വലിയൊരു ഭാഗം ക്യാന്‍സര്‍ രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും കൈമാറിയാണ് ക്ഷേത്ര കമ്മറ്റി മാതൃകയായത്.
തണ്ണിത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ക്ഷേത്രമാണ് കുഞ്ഞിനാംകുടി കോട്ടമലനട ക്ഷേത്രം. ജാതിമതഭേദമന്യേ നാട്ടുകാര്‍ ഒന്നായിയാണ് ഉത്സവം എല്ലാ വര്‍ഷവും നടത്തുന്നത്.നാടിന്റെ ആഘോഷമായി ഉത്സവം നടത്തുമ്പോള്‍ തന്നെ രോഗദുരിതം മൂലം അവശത അനുഭവിക്കുന്ന ആളുകള്‍ക്ക് ഉത്സവ ചെലവില്‍ നിന്ന് സഹായം നല്‍കണമെന്നും ക്ഷേത്രം കമ്മിറ്റി ഇത്തവണ തീരുമാനിച്ചു.ക്യാന്‍സര്‍ രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും അടക്കം ധനസഹായം നല്‍കാനായിരുന്നു തീരുമാനം.
ക്ഷേത്രത്തിന് ലഭിക്കുന്ന ചെറിയ വരുമാനത്തില്‍ നിന്നാണ് ഇതിനുള്ള തുകയും കണ്ടെത്തിയത്. 10000 രൂപ വെച്ച് ആദ്യം മൂന്നുപേര്‍ക്ക് സഹായം നല്‍കാന്‍ തീരുമാനമെടുത്തു എങ്കിലും അര്‍ഹതയുള്ളവരുടെ എണ്ണം കൂടുതലുണ്ടെന്ന് കണ്ടെത്തിയതോടെ 5000 രൂപ വീതം 10 കുടുംബങ്ങളില്‍ ക്ഷേത്രകമ്മിറ്റി എത്തിച്ചുനല്‍കുകയായിരുന്നു.