ത്രിപുരയിൽ ഒന്നിച്ചുകൂടിയിട്ടും എന്തു സംഭവിച്ചു എന്നത് ഗോവിന്ദൻ ഓർക്കുന്നത് നല്ലത്; സുരേഷ്‌ഗോപിക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ
ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരില്‍ ബിജെപി വിജയിക്കില്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുയമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വോട്ട് കോൺഗ്രസിന് മറിക്കാനുള്ള ഉദ്ദേശമാണ് പ്രസ്താവനക്കു പിന്നിലുള്ളതെന്ന് സുരേന്ദ്രൻ വിമർശിച്ചു.
ത്രിപുരയിൽ ഒന്നിച്ചുകൂടിയിട്ടും എന്തു സംഭവിച്ചു എന്നുള്ളത് ഗോവിന്ദൻ ഓർക്കുന്നത് നല്ലത്. ഒരു കൊല്ലം മുമ്പേ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞതിന് നന്ദി. ശേഷം ഗോദയിൽ കാണാമെന്നും സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
365 ദിവസവും തൃശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി വിജയിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ട് പോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്
എം. വി. ഗോവിന്ദന് കാര്യം പിടി കിട്ടി എന്നാണ് തോന്നുന്നത്. സി. പി. ഐ ക്കാർ സൂക്ഷിക്കുന്നത് നന്നായിരിക്കും. വോട്ട് കോൺഗ്രസ്സിനു മറിക്കാനുള്ള ഉദ്ദേശമാണ് ഈ പ്രസ്താവനക്കു പിന്നിലുള്ളത്. ത്രിപുരയിൽ ഒന്നിച്ചുകൂടിയിട്ടും എന്തു സംഭവിച്ചു എന്നുള്ളത് ഗോവിന്ദൻ ഓർക്കുന്നത് നല്ലത്. ഒരു കൊല്ലം മുമ്പേ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞതിന് നന്ദി. ശേഷം ഗോദയിൽ….