ആറ്റിങ്ങലിൽ എ.ടി.എം കൗണ്ടറിന് തീപിടിച്ചു
തിരുവനന്തപുരം ആറ്റിങ്ങലിൽ എ.ടി.എം കൗണ്ടറിനു തീപിടിച്ചു. ആറ്റിങ്ങൽ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറൽ ബാങ്കിന്റെ എ ടി എം കൗണ്ടറിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കൗണ്ടറിനുള്ളിൽ നിന്ന് പുക ഉയരുകയും ഫയർ അലാറം അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു.
കൗണ്ടറിനുള്ളിൽ നിന്ന് പുക ഉയരുന്നതും ഫയർ അലാറം അടിക്കുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിക്കുകയായിരുന്നു. തീപിടുത്തത്തിൽ എ ടി എം കൗണ്ടറിന്നുള്ളിലെ എസി ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ ഭാഗികമായി കത്തി നശിച്ചതായി അഗ്നിശമന സേന അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.