പണയം വെച്ചത് സ്വര്‍ണം പൂശിയ വെള്ളിക്കട്ടി; ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയയാള്‍ക്കായി തെരച്ചില്‍
കാസര്‍ഗോട്ട് വ്യാജ സ്വര്‍ണം പണയം വച്ച് ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കേരള ഗ്രാമീണ്‍ ബാങ്കിന്റെ മേല്‍പ്പറമ്പ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജറുടെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്വര്‍ണം പൂശിയ വെള്ളിക്കട്ട ഉപയോഗിച്ച് രണ്ട് തവണയായാണ് ചെര്‍ക്കള സ്വദേശി മുഹമ്മദ് സഫ്‌വാന്‍ തട്ടിപ്പ് നടത്തിയത്. 2021 സെപ്തംബര്‍ എട്ടിന് 102 ഗ്രാം ഉപയോഗിച്ച് 320000 രൂപയും സെപ്തംബര്‍ ഒമ്പതിന് 108 ഗ്രാമില്‍ 335000 രൂപയുമാണ് സഫ്‌വാന്‍ തട്ടിയെടുത്തത്. കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതോടെ പണയ വസ്തു ബാങ്ക് ലേലത്തിന് വച്ചു. ഇതോടെയാണ് തട്ടിപ്പ് ബോധ്യമായത്.
പിന്നീട് നടത്തിയ പരിശോധനയില്‍ പണയം വച്ചത് സ്വര്‍ണം പൂശിയ വെള്ളിക്കട്ടയാണെന്ന് കണ്ടെത്തി. ലേല പണ്ടം തിരിച്ചു വാങ്ങിയ ബാങ്ക് അധികൃതര്‍ ജനുവരി രണ്ടിനാണ് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പ് നടത്തിയ മുഹമ്മദ് സഫ്‌വാനെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇയാള്‍ കുടുംബ സമേതം വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതി സമാന രീതിയില്‍ മറ്റ് ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.