മുഖ്യമന്ത്രിക്കെതിരായ പരാമർശം: സുധാകരൻ കോൺഗ്രസിൽ ഒറ്റപ്പെടുന്നു, നടപടി വേണമെന്ന് ആവശ്യം
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ സുധാകരനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ പോര് മുറുകുന്നു. പരാമർശത്തിൽ ഉറച്ചു നിൽക്കുകയും വിവാദങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ ചിലർ തന്നെയാണെന്ന് തുറന്നടിക്കുകയും ചെയ്തതോടെയാണ് സുധാകരനെതിരെ നടപടി വേണമെന്ന് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അഭിപ്രായമുയർന്നത്.
എഐസിസി സെക്രട്ടറിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമർശിച്ച സുധാകരനെതിരെ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. അതേസമയം നടപടിയെടുത്താൽ കടുത്ത നിലപാടിലേക്ക് നീങ്ങാൻ സുധാകരനും ആലോചിക്കുന്നു. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമർശിച്ചതിന്റെ പേരിൽ തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയെന്നാണ് സുധാകരൻ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിലാണ് സുധാകരൻ പ്രതിപക്ഷ നേതാവിനെയും എഐസിസി സെക്രട്ടറിയെയും വിമർശിച്ചത്.