എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; ഉത്തരവിറങ്ങി
മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ഒരു വർഷത്തിനും അഞ്ച് മാസത്തിന് ശേഷമാണ് എം ശിവശങ്കർ സർവീസിലേക്ക് തിരിച്ചെത്തുന്നത്.
കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്ന് എം ശിവശങ്കറിനെ സസ്‌പെൻൻഡ് ചെയ്തത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽവാസം അനുഭവിച്ചു. ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല.
ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്‌പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങൾക്ക് തടസമാവില്ലെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശയിൽ പറഞ്ഞിരുന്നു. ഈ ശുപാർശ അംഗീകരിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്.