അതിതീവ്ര വൈറസിന്റെ സാന്നിധ്യം: സംസ്ഥാനത്ത് പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ പരിശോധനകൾ കർശനമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. യുകെയിൽ നിന്ന് വന്നവരിലാണ് രോഗം ഇപ്പോൾ സ്ഥിരീകരിച്ചതെങ്കിലും തദ്ദേശീയമായി പടരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുതിയ വൈറസിന്റെ സാന്നിധ്യം സമൂഹത്തിൽ ഇല്ലെന്ന് ഉറപ്പാക്കാൻ റാൻഡം പരിശോധനകൾ നടത്തണമെന്നാണ് നിർദേശം
നാല് മാസം മുമ്പാണ് യുകെയിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് വയസ്സുകാരിയിൽ ഉൾപെടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്.
നിലവിൽ രോഗം സ്ഥിരീകരിച്ച ആറ് പേരുടെ സമ്പർക്കപട്ടിക ചെറുതാണ്. അതേസമയം 70 ശതമാനത്തിലധികം വ്യാപനശേഷിയുള്ളതാണ് ജനിതക മാറ്റം സംഭവിച്ച വൈറസ്. അതിനാൽ കുട്ടികളിലും 60 വയസ്സിന് മുകളിൽ ഉള്ളവരിലും രോഗം പടരാൻ സാധ്യതയേറെയാണ്. റിവേഴ്‌സ് ക്വാറന്റൈൻ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്
തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കർശനമാക്കും. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ പിസിആർ പരിശോധന നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്.