കേരളം കേന്ദ്രത്തോട് അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ ആവശ്യപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ വേണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊവീഷീല്‍ഡിനും കൊവാക്സിനും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാരും അനുമതിനല്‍കിയതിന് പിന്നാലെയാണിത്.
ആദ്യ ഘട്ടത്തില്‍ മൂന്നരക്ഷം ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനെല്ലാം നാലരക്ഷം ഡോസ് വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ബാക്കി 50 ലക്ഷം ഡോസ് വയോജനങ്ങള്‍ക്ക് നല്‍കും. വാക്സിന്‍ വിതരണം ആരംഭിക്കുമ്പോള്‍ ആദ്യ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തില്‍ കൂടുതലാണ്.
പ്രമേഹം അടക്കമുള്ള ജീവിത ശൈലീ രോഗങ്ങള്‍ കൂടുതലുള്ള സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാണെങ്കിലും മരണനിരക്ക് പിടിച്ചുനിര്‍ത്താനായി. നിലവില്‍ അതിതീവ്ര വൈറസിന്റെ സാനിധ്യം സ്ഥിരീകരിച്ചതിനാല്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ രോഗനിയന്ത്രണത്തിന് വാക്സിന്‍ അനിവാര്യമാണെന്ന്, കണക്കുകളും രേഖകളും സഹിതമാണ് കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. കൊവീഷീല്‍ഡിനും കൊവാക്സിനും അനുമതി ലഭിച്ചിട്ടെങ്കിലും കൊവിഷീല്‍ഡ് കേരളത്തിന് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഐ.എം.എ ഭാരവാഹി ഡോ. സുള്‍ഫി നൂഹ് പറഞ്ഞു. വാക്സിന്‍ വിതരണം എങ്ങനെയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച നടന്ന വാക്സിന്‍ ഡ്രൈ റണ്‍ വിജയമായിരുന്നു. അതിനാല്‍ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.