വായ്പ തിരിച്ചടവ് മുടങ്ങി, സമ്മർദ്ദം മൂലം യുവാവ് ജീവനൊടുക്കി
തൃശൂർ: ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മർദ്ദം മൂലം യുവാവ് ജീവനൊടുക്കി. തൃശൂർ കല്ലൂർ സ്വദേശിയായ അഭിലാഷാണ് ഗുണ്ടൽപേട്ടിലെ ലോഡ്ജിൽ ജീവനൊടുക്കിയത്. ലോറി വാങ്ങിയ ശേഷം രണ്ട് പേർ ചതിച്ചതാണെന്ന് കാട്ടി ആത്മഹത്യ കുറിപ്പും ലോഡ്ജിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തൃശൂർ കല്ലൂർ സ്വദേശിയ അഭിലാഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുമ്പാണ് ഇയാൾ ഏഴര ലക്ഷം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയത്. തടി കൊണ്ടുപോയ ആദ്യ ഓട്ടം തന്നെ കെണിയായി. രേഖകളില്ലാത്ത തടി ഫോറസ്റ്റ് പിടിച്ചു. വണ്ടിയും കസ്റ്റഡിയിലെടുത്തു. വായ്പ തിരിച്ചടയ്ക്കാമെന്ന് ഏറ്റ തടിയുടമ ലോറി ഏറ്റെടുത്തു. ലോറി ഓടിയെങ്കിലും തിരിച്ചടവ് ഉണ്ടായില്ല. ധനകാര്യ സ്ഥാപനം സമ്മർദം ചെലുത്തി. ലോറി വാങ്ങാൻ ഈട് നൽകിയ വീടും ഭൂമിയും നിയമ കുരുക്കിലായി. ഇതോടെ നാല് ദിവസം മുമ്പ് അഭിലാഷ് നാടുവിടുകയായിരുന്നു.
ഒടുവിൽ വീട്ടുകാരെ തേടിയെത്തിയത് മരണവാർത്തയാണ്. ലോറി ഇടപാടിൽ ചതിച്ച രണ്ട് പേർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 43 കാരനായ അഭിലാഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.