ഉദ്യോഗസ്ഥ വീഴ്ച്ച കാരണം യുവതിക്ക് സര്‍ക്കാർ ജോലി നഷ്ടപ്പെട്ട സംഭവം; പിഎസ്‍സിയെ പഴിച്ച് മന്ത്രി
കൊല്ലം: കൊല്ലത്ത് ഉദ്യോഗസ്ഥ വീഴ്ച്ച കാരണം കൊല്ലം ചവറ സ്വദേശിനി നിഷക്ക് സര്‍ക്കാർ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ പിഎസ്‍സിയെ പഴിചാരി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫീലെ ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമനം നൽകാതിരുന്നത് പിഎസ്‍സിയാണെന്നാണ് മന്ത്രിയുടെ വാദം. നിഷയുടെ ദുരിതം വാര്‍ത്തയായതിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രിയെത്തിയത്.
ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാൻ നാല് സെക്കന്റ് വൈകിയത് കൊണ്ട് ജോലി നഷ്ടമായ വിഷയം വലിയ ചര്‍ച്ചയായതോടെയാണ് മന്ത്രി എം ബി രാജേഷിന്‍റെ പ്രതികരണമെത്തിയത്. 2018 മാര്‍ച്ച് 28ന് 6 ജില്ലകളിലെ പന്ത്രണ്ട് ഒഴിവുകൾ നഗരകാര്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം യുദ്ധകാലടിസ്ഥാനത്തിൽ ഒഴിവുകൾ പിഎസ്‍സിയെ അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. അവധി ദിനത്തിൽ പോലും പണിയെടുത്ത ഉദ്യോഗസ്ഥര്‍ 31ന് രാത്രി 11.36 മുതൽ ഇമെയിൽ അയച്ചു തുടങ്ങി. കണ്ണൂര്‍, എറണാകുളം ജില്ലകൾക്ക് മെയിൽ പോയത് രാത്രി 12 മണിക്ക്. ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത മെയിൽ കിട്ടാൻ നാല് സെക്കന്റ് വൈകി എന്ന കാരണത്താലാണ് നിഷക്ക് എറണാകുളത്ത് ജോലി നഷ്ടമായത്.