വിവാദങ്ങൾ ശക്തമാകുന്നതിനിടെ ശശിതരൂർ ഇന്ന് പത്തനംതിട്ടയിലെത്തുന്നു
വിവാദങ്ങൾ ശക്തമാകുന്നതിനിടെ ശശിതരൂർ ഇന്ന് പത്തനംതിട്ടയിലെത്തുന്നു. അടൂരിൽ നടക്കുന്ന ബോധി ഗ്രാമിന്റെ വാർഷിക പ്രഭാഷണത്തിനയാണ് ക്ഷണം എങ്കിലും പരിപാടിയിൽ നിന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം വിട്ടുനിൽക്കുമെന്ന സൂചനയാണ് ഉള്ളത്. അതേസമയം മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ്, പത്തനതിട്ട എംപി ആന്റോ ആന്റണി എന്നിവർ പരിപാടിയിൽ പങ്കെടുക്കും എന്നും അറിയിച്ചിട്ടുണ്ട് .
ശക്തിക്ഷയം സംഭവിച്ച എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഇന്ന് ശശി തരൂർ പത്തനംതിട്ട അടൂരിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയമില്ലാത്ത പരിപാടി എന്ന് സംഘാടകർ അവകാശപ്പെടുമ്പോഴും കെപിസിസി പബ്ലിക്ക് പോളിസി വിഭാഗം അധ്യക്ഷനാണെന്നതും ശ്രദ്ധേയമാണ്. പത്തനംതിട്ട ഡിസിസിയെ പരിപാടിയെക്കുറിച്ച് അറിയിച്ചിട്ടില്ല എന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഡിസിസി പ്രസിഡന്റ് അടക്കം പരിപാടിയിൽ നിന്ന് വിട്ടു നിന്നേക്കും.
ഇതിന് പുറമെ പഴയ ഐ ഗ്രൂപ്പിലുണ്ടായിരുന്നവരും നിലവിൽ കെ.സി.വേണുഗോപാലിന് ഒപ്പം നിൽക്കുന്നവരുമായ ഒരു വിഭാഗം പരിപാടിയെ വിഭാഗീയ പ്രവർത്തനമായാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ പത്തനംതിട്ട എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജടക്കമുള്ള മുൻ എ ഗ്രൂപ്പ് നേതാക്കൾ പങ്കെടുക്കുകയും ചെയ്യും. ജില്ലയിൽ പല തട്ടിലായി നിൽക്കുന്ന ഐ ഗ്രൂപ്പ് നേതാക്കൾ പരിപാടിയെക്കുറിച്ച് അഭിപ്രായ പ്രകടനത്തിന് പോലും തയ്യാറായിട്ടുമില്ല. ഏതായാലും തരൂരിന്റെ വരവ് പത്തനംതിട്ടയിലെ കോൺഗ്രസിനുള്ളിൽ പുതിയ സമവാക്യങ്ങൾക്ക് തുടക്കം കുറിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.