Sunday, January 5, 2025
Kerala

പ്ലസ് വണ്‍ സീറ്റ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല: പ്രതിപക്ഷം ഇറങ്ങിപ്പോയി

 

തിരുവനന്തപുരം: മലബാറിലടക്കം പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെ നിയമസഭയില്‍ ബഹളം. യു ഡി എഫ് എം എല്‍ എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്.
നിലവിലെ ബാച്ചുകളില്‍ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പരിഹരിക്കാവുന്നതല്ല ഇവിടുത്തെ പ്രതിസന്ധിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പുതിയ ബാച്ച് തന്നെ ചില ജില്ലകളില്‍ അനുവദിക്കേണ്ടതുണ്ട്. 20 ശതമാനം സീറ്റ് കൂട്ടിയിട്ടും പ്രയോജനമില്ലാത്ത അവസ്ഥയാണ്. എല്ലാറ്റിലും എ പ്ലസ് നേടിയിട്ടും കുട്ടികള്‍ക്ക് സീറ്റ് ഇല്ല എന്നത് ഗുരുതര സ്ഥിതിയാണെന്നും ഷാഫി പറഞ്ഞു.

എന്നാല്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യമെങ്കിലും സര്‍ക്കാറിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അധിക ബാച്ചുകള്‍ അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മറുപടി നല്‍കി. ഏഴ് ജില്ലകളില്‍ 20 ശതമാനം സീറ്റുകള്‍ കൂട്ടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണ്. സര്‍ക്കാറിന്റെ പരിമിതി മനസ്സിലാക്കണം. രണ്ടാം അലോട്‌മെന്റ് തീര്‍ന്ന ശേഷം സര്‍ക്കാര്‍ സ്ഥിതി വിലയിരുത്തും. എല്ലാ അലോട്‌മെന്റുകളും തീരുമ്പോള്‍ 33000 സീറ്റുകള്‍ മിച്ചം വരും. എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യസമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അതിരൂക്ഷ വിമര്‍ശനമാണ് സര്‍ക്കാറിനും വിദ്യാഭ്യസമന്ത്രിക്കും നേരെ നടത്തിയത്. ശിവന്‍കുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയുന്നുവെന്ന സതീശന്റെ പ്രസ്താവന ബഹളത്തിന് കാരണമായി. രക്ഷിതാക്കളുടെ ആശങ്കയാണ് സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. മന്ത്രിയുടെ കണക്കുകള്‍ക്ക് ഇവിടെ പ്രസക്തിയില്ല. രക്ഷിതാക്കളെയും കുട്ടികളെയും നിരാശപെടുത്തുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. മാനേജ്‌മെന്റ് സീറ്റുകളില്‍ കൊള്ള നടക്കുകയാണ്. പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും സതീശന്‍ ചോദിച്ചു.

എന്നാല്‍ സതീശന്‍ മറുപടി നല്‍കിയ ശിവന്‍കുട്ടിഞാന്‍ സര്‍വ്വവിജ്ഞാനകോശം കേറിയ ആളല്ല എന്ന് പറഞ്ഞു. ആരാണ് സതീശനെ പ്രതിപക്ഷ നേതാവ് ആക്കിയത്? അവരുടെ ഇടയില്‍ തന്നെ അതേക്കുറിച്ച് ചോദ്യം ഉയരുന്നുണ്ട്. മറ്റുള്ള എല്ലാവരോടും സതീശന് പുച്ഛമാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *