Saturday, October 19, 2024
Kerala

‘പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ്’; അദാനിയെപ്പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കുമെന്ന് ബിനോയ് വിശ്വം

ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ് എന്ന് ബിനോയ് വിശ്വം എംപി. അദാനിയെപ്പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പാർലമെൻ്റ് പ്രത്യേക സമ്മേളനത്തെയും അദ്ദേഹം വിമർശിച്ചു. നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോൾ ജനാധിപത്യ വ്യവസ്ഥയ്ക്ക് പാർലമെന്ററി സംവിധാനത്തിന് എന്തെല്ലാം ക്ഷതങ്ങൾ സംഭവിക്കാമെന്ന് ഈ നടപടികൾ വ്യക്തമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനം വിളിച്ചു ചേർക്കുന്നതിന് രാഷ്ട്രപതി അയക്കേണ്ട സമൻസിന് മുൻപ് തന്നെ കേന്ദ്രമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചു. പ്രത്യേക സമ്മേളനത്തിന്റെ കാര്യപരിപാടികൾ പോലും ആർക്കും അറിയില്ല. ചെക്ക് ആൻഡ് ബാലൻസ് സിസ്റ്റത്തിന്റെ ഒരു തത്വങ്ങളെയും മൂല്യങ്ങളെയും പാലിക്കാതെയാണ് പാർലമെൻറ് മുന്നോട്ടുപോകുന്നത്. ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജം ആക്കി മാറ്റുകയാണ്. അദാനിയെ പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കും. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക സമ്മേളനത്തിലെ പ്രതിപക്ഷ സമീപനത്തെ പറ്റി നാളെ നടക്കുന്ന INDIA യോഗം ചർച്ച ചെയ്യും. അദാനി കെട്ടിപ്പൊക്കിയ സാമ്രാജ്യം പൊയ്കാലിന്മേൽ കെട്ടിപ്പൊക്കിയ സാമ്രാജ്യമാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് സ്വേച്ഛാധിപത്യത്തിലേക്കുള്ള പോക്കിന്റെ ഒരു പടവാണ്.

ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെപ്പറ്റി എളുപ്പത്തിൽ ഒറ്റവാക്കിൽ പറയേണ്ട കാര്യമില്ല. ഹിന്ദുമതത്തിൽ ഒരുപാട് മഹത്വം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബിജെപി പറയുന്ന വഴിയല്ല യഥാർത്ഥ ഇന്ത്യയുടെ പാരമ്പര്യ വഴി. ഹിന്ദുമതം ബിജെപി പറയുന്ന ഹിന്ദുത്വ വാദമല്ല. G-20 പശ്ചാത്തലത്തിൽ ചേരികൾ മറച്ചു. ട്രംപ് വന്നപ്പോൾ ഗുജറാത്തിൽ മോദി ഇത്തരത്തിൽ കാണിച്ചു. എല്ലാ ചേരി പ്രദേശങ്ങളും മൂടിവെച്ചു. തുണി കൊണ്ടോ മതില് കൊണ്ടോ കെട്ടിപ്പൊക്കിയാൽമറയ്ക്കാൻ കഴിയുന്നതല്ല ഇന്ത്യയുടെ ദാരിദ്ര്യം. അദാനിക്കുവേണ്ടി ഭരിക്കുന്ന ഗവൺമെൻറ് ഇന്ത്യയിലെ ചേരികളിലെ പട്ടിണിയും പ്രയാസങ്ങളും മൂടിവയ്ക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. ഭയപ്പെടുന്ന ഗവൺമെന്റിന്റെ ഭയപ്പാടിന്റെ വിളംബരം ആണിത്. ഉച്ചകോടി നടക്കുന്ന മൂന്ന് ദിവസങ്ങളും ഡൽഹിയിലെ ജനങ്ങൾക്ക് സ്വസ്ഥത കാണില്ല. മാനവരാശി ഒന്നായിരിക്കണം എന്ന് പറയുന്ന തത്വങ്ങൾ എവിടെയാണ് എനും അദ്ദേഹം ചോദിച്ചു.

വർഗീയതയ്ക്ക് ഇടമില്ലെന്ന മോദി പരാമർശത്തെ അദ്ദേഹം പരിഹസിച്ചു. ജാതിയതയ്ക്കും അഴിമതിക്കും വർഗീയതയ്ക്കും ഏറ്റവും കൂടുതൽ കൂട്ടുപിടിച്ച ആളുകൾ ഇത് പറയുമ്പോൾ ജനങ്ങൾ ചിരിക്കും. ജാതി വിറ്റ് വോട്ടാക്കിയ ആളാണ് പ്രധാനമന്ത്രി. അഴിമതിയുടെ കുതിരപ്പുറത്തേറി നടക്കുന്നയാളാണ് പ്രധാനമന്ത്രി. അഴിമതിക്കാരെ പോറ്റുന്നയാളാണ് പ്രധാനമന്ത്രി എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.