പാലക്കാട് കഞ്ചിക്കോട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു
പാലക്കാട് കഞ്ചിക്കോട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ കനായി വിശ്വകർമ(21), അരവിന്ദ്കുമാർ(23), ഹരിയോം കുനാൽ(29) എന്നിവരാണ് മരിച്ചത്. പലാമു ജില്ലയിലെ പി എസ് പാണ്ഡു സ്വദേശികളാണിവർ
കഞ്ചിക്കോട് ഐഐടിക്ക് സമീപത്തുള്ള ട്രാക്കിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഇവരെ കണ്ടെത്തിയത്. ഹരിയോം കുനാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരും ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്.
അതേസമയം സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഇവരുടെ സുഹൃത്തുക്കൾ ആക്രമിച്ചു. ആംബുലൻസും അടിച്ചു തകർത്തു.