ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ
ആലുവയിൽ അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. കടങ്ങല്ലൂർ സ്വദേശികളായ രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. ആലുവ ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ പോയെങ്കിലും ചികിത്സ നൽകാതെ മടക്കി അയക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു
ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്. കുട്ടിയുമായി മാതാപിതാക്കൾ ആലുവ ജനറൽ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പോയി. ഇവിടെ നിന്നും പീഡിയാട്രിഷ്യനില്ലെന്ന കാരണം പറഞ്ഞ് മടക്കി.
തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. പഴവും ചോറും നൽകിയാൽ മതി, നാണയം പുറത്തു പോകുമെന്ന് പറഞ്ഞ് ഇവിടെ നിന്നും മടക്കി അയച്ചു. വീട്ടിലെത്തി രാത്രിയായതോടെ കുട്ടിയുടെ നില വഷളാകുകയും രാത്രിയോടെ മരിക്കുകയുമായിരുന്നു.