15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം; പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നിയമന ഉത്തരവ് കൈമാറി
ഡോ. പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നല്‍കി. ഹൈക്കോടതില്‍ നിന്നുള്ള അനുകൂല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. അസോസിയേറ്റ് പ്രൊഫസറായി 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഉത്തരവ് നല്‍കിയത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ജൂണ്‍ 22 ന് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ നിയമനത്തിന് തടസമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സർവകലാശാല സ്റ്റാൻഡിങ് കോൺസൽ സിൻഡിക്കേറ്റിന് നിയമോപദേശം നൽകി. അതേസമയം പ്രിയയുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങൂകയാണ് യു.ജി.സി. ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തന്റെ വാദം കേള്‍ക്കണമെന്ന് കാണിച്ച് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.