Saturday, January 4, 2025
Kerala

മണ്ണെണ്ണ വില നൂറ് കടന്നു; മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടി

മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വർധിച്ച് 102 രൂപയായത്. സബ്‌സിഡിയുൾപ്പെടെയുളള കൈത്താങ്ങില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലെ പൊതുസ്ഥിതി ഇതാണ്. മീൻ പിടുത്തമാണ് ഏക ഉപജീവനമാർഗമെങ്കിലും പലരുമിപ്പോൾ കടലിൽ പോയിട്ട് നാളേറെയായി. തീവിലയ്ക്ക് മണ്ണെണ്ണ വാങ്ങി വേണം വള്ളം കടലിലിറക്കാൻ. ഒരു മാസം ഒരു വള്ളത്തിന് ശരാശരി ആയിരം ലിറ്റർ എങ്കിലും മണ്ണെണ്ണ വേണം. ട്രോളിംഗ് നിരോധനം കഴിഞ്ഞാലും വിലക്കയറ്റത്തിൽ വലഞ്ഞ് പകുതി ബോട്ടുകൾ മാത്രമേ ഇനി കടലിറക്കാനാകൂ എന്നും മത്സ്യതൊഴിലാളികൾ പറയുന്നു.

കരിഞ്ചന്തയിൽ നിന്ന് മണ്ണെണ്ണ വാങ്ങി മുന്നോട്ട് പോകാനാകില്ലെന്നും മത്സ്യതൊഴിലാളികൾ പറയുന്നുണ്ട്. ഇന്ധനം വാങ്ങിയ ഇനത്തിൽ സിവിൽ സപ്ലൈസും മത്സ്യഫെഡും നൽകേണ്ട സബ്‌സിഡി യുടെ കുടിശ്ശിക ഇനിയും നൽകിയിട്ടില്ല.

മണ്ണെണ്ണയുടെ സബ്സിഡി കുടിശിക എന്ന് കിട്ടുമെന്ന് കാത്തിരിക്കുന്നതിനിടെയാണ് ഒരു ട്രോളിങ് നിരോധനകാലം കൂടി വറുതിയേകി കടന്ന് പോകുന്നത്. അതിനിടയിലാണ് ഇരുട്ടടി യായി മണ്ണെണ്ണ യുടെ വിലക്കയറ്റവും. ജീവിതം കരക്കടുപ്പിക്കാൻ സർക്കാർ ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ട് തീരദേശ ജനത.

Leave a Reply

Your email address will not be published. Required fields are marked *