പൊലീസിന്റേത് ദുരൂഹമായ മെല്ലെപ്പോക്കെന്ന് പ്രതിപക്ഷം; അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച
എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പി സി വിഷ്ണുനാഥ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി. അക്രമം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. സിപിഐഎം ഗുണ്ടാസംഘം അഴിഞ്ഞാടുകയാമെന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെടുകയാമെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐഎം പ്രവര്‍കത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
പൊലീസിന്റെ നിഷ്ക്രിയത്വം മാത്രമല്ല അടിയന്തര പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പി സി വിഷ്ണുനാഥ് വിശദീകരിച്ചു. പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുന്ന അപകടകരമായ അവസ്ഥ സംസ്ഥാനത്തെ എവിടെയെത്തിക്കുന്നു എന്നതിലേക്കാണ് സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫിസുകള്‍ സിപിഐഎം അക്രമി സംഘം നശിപ്പിക്കുന്നു. ആലപ്പുഴയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൊലവിളി ജാഥ പോലുമുണ്ടാകുന്നു. പൊലീസ് ഈ കൊലവിളി സംഗീതം ആസ്വദിക്കുകയാണ് ചെയ്യുന്നതെന്ന് പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
തിരുവനന്തപുരത്തെ സുരക്ഷിതമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന എകെജി സെന്ററില്‍ പൊലീസ് കാവലില്‍ എങ്ങനെ അക്രമം നടന്നെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞെന്ന് സംശയിക്കുന്ന ആളെ പിന്തുടരാന് പോലും പൊലീസ് തയാറാകാത്തതെന്തുകൊണ്ടാണെന്ന് പി സി വിഷ്ണുനാഥ് ചോദിച്ചു. വയര്‍ലസ് സന്ദേശങ്ങളിലൂടെ പ്രതിയെ വളരെയെളുപ്പത്തില്‍ ലൊക്കേറ്റ് ചെയ്യാന്‍ കഴിയുമായിരുന്നിട്ടും പൊലീസ് അത് ചെയ്തില്ല. സിസിടിവി പരിശോധിക്കുന്നതില്‍ പോലും പൊലീസിന്റെ ഭാഗത്തുനിന്നും ദുരൂഹമായ മെല്ലെപ്പോക്കുണ്ടായി. ഏതെങ്കിലും നിരപരാധിയുടെ തലയില്‍ ഇത് കെട്ടിവച്ച് തടിയൂരാനാണ് ഇപ്പോള്‍ പൊലീസ് ശ്രമിക്കുന്നതെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
എകെജി സെന്ററിലെത്തി അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ആക്രമണം നടത്തിയത് കോണ്‍ഗ്രസാണെന്ന് ഇ പി ജയരാജന് പ്രസ്താവിച്ചു. ഈ വിവരം അദ്ദേഹത്തിന് എവിടെനിന്നാണ് ലഭിച്ചത്? എന്തടിസ്ഥാനത്തിലാണ് അദ്ദേഹമിത് പറഞ്ഞത്? കെട്ടിടം ഇടിഞ്ഞുവീഴുമെന്ന് തോന്നിക്കുന്ന വിധത്തില്‍ ഭീകരമായ ശബ്ദമുണ്ടായെന്ന് പി കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ശബ്ദം പൊലീസുകാര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? പി സി വിഷ്ണുനാഥ് ചോദിച്ചു. കരിയിലകള്‍ പോലും കത്താതെ മതിലിലെ കല്ലുകളെ മാത്രം ലക്ഷ്യംവച്ച് നടത്തിയ നാനോ ഭീകരാക്രമണമാണ് എകെജി സെന്ററിലുണ്ടായതെന്നും പി സി വിഷ്ണുനാഥ് പരിഹസിച്ചു.