കിളിക്കൊഞ്ചല്‍ എല്ലാ വീട്ടിലും; 14,102 കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യമോ ടിവി സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ സ്‌കൂള്‍ പഠനം ഉറപ്പ് വരുത്തുന്നതിനാണ് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നത്. അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാര്‍ട്ട് പേപ്പറുകള്‍, ക്രയോണ്‍ എന്നിവയാണ് കിറ്റിലുള്ളത്. പത്തനംതിട്ട കുലശേഖരപതിയിലെ 92ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള പ്രീ സ്‌കൂള്‍ കിറ്റ് നല്‍കി കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇത്തരത്തിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രീ സ്‌കൂള്‍ കിറ്റ് എത്തിക്കുന്ന പ്രവര്‍ത്തനം വരും ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കും. കൊവിഡ് കാലത്ത് കുട്ടികളുടെ പ്രീ സ്‌കൂള്‍ പഠനം മുടങ്ങാതിരിക്കാനാണ് 2020 ജൂണ്‍ മാസം മുതല്‍ വനിത ശിശുവികസന വകുപ്പ് കിളിക്കൊഞ്ചല്‍ എന്ന പരിപാടി വിക്‌ടേഴ്‌സ് ചാനല്‍ വഴി ആരംഭിച്ചത്. 2021ല്‍ അതിന്റെ രണ്ടാം ഭാഗവും ആരംഭിച്ചു. എങ്കിലും ഇന്റര്‍നെറ്റും ടി.വി സിഗ്‌നലുകള്‍ ഇല്ലാത്തതും കാരണം കുറേ കുട്ടികള്‍ക്ക് ഇത് കാണാന്‍ സാധിക്കാതെ വരുന്നെന്ന് മനസിലായി. ഇത്തരം കൂട്ടികളെ കൂടി പ്രീ സ്‌കൂള്‍ പഠനത്തിന്റെ ഭാഗമാക്കാനാണ് ഇത്തരമൊരു പദ്ധതി വകുപ്പ് ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.