Sunday, April 13, 2025
Kerala

ഓരോ പെണ്‍കുഞ്ഞിന്റേയും കഴിവുകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം: വീണാ ജോര്‍ജ്

ഓരോ പെണ്‍കുഞ്ഞിന്റേയും നേട്ടങ്ങളെ, കഴിവുകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പല കുട്ടികള്‍ക്ക് പലതരത്തിലുള്ള കഴിവുകളുണ്ടാകും. അത് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും വേണം. എല്ലാ ദിവസവും കുഞ്ഞുങ്ങളുമായി സംസാരിക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും വീടിനുള്ളിലും പുറത്തും പൊതുയിടങ്ങളിലും ഒരു പോലെ അവസരം ഉണ്ടാകണം. ബാലികാ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത് മന്ത്രി ശ്രദ്ധാപൂര്‍വം കേട്ടു. മന്ത്രിയുമായി കുട്ടികള്‍ ആശയ വിനിമയം നടത്തി. സമൂഹത്തില്‍ സ്ത്രീകളുടെ തുല്യത, അവകാശ സംരക്ഷണം, സ്ത്രീധന നിരോധനം എന്നിവയെ പറ്റി മന്ത്രി കുട്ടികളുമായി സംസാരിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.

പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് പ്രകാശനം, ഉണര്‍വ് പദ്ധതി പ്രഖ്യാപനം, പോക്‌സോ സര്‍വൈവറേസ് പ്രൈമറി അസസ്‌മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ സാധ്യത പഠനം പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠനം പ്രഖ്യാപനം, ഏര്‍ളി മേരീജ് പഠനം പ്രഖ്യാപനം, സിറ്റ്യേഷണല്‍ അനാലിസിസ് ഓഫ് വിമന്‍ ഇന്‍ കേരള എന്ന വിഷയം സംബന്ധിച്ച പഠനം പ്രഖ്യാപനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *