Tuesday, January 7, 2025
Kerala

വാക്‌സിൻ വിതരണം നടന്നത് അതീവ സൂക്ഷ്മതയോടെ; ഒരു തുള്ളി പോലും പാഴാക്കിയില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണം അതീവ സൂക്ഷ്മതയോടെയാണ് നടത്തിയതെന്നും ഒരു തുള്ളി പോലും പാഴാക്കിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്. ആ വാക്‌സിൻ മുഴുവൻ ഉപയോഗിച്ചു. ഓരോ വാക്‌സിൻ വയലിനകത്തും പത്ത് ഡോസ് കൂടാതെ വേസ്‌റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടാകും. വളരെ സൂക്ഷ്മതയോടെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടി ആളുകൾക്ക് നൽകാൻ സാധിച്ചു

അതിനാലാണ് 73,38,860 ഡോസ് ലഭിച്ചപ്പോൾ 74,26,164 ഡോസ് ഉപയോഗിക്കാൻ സാധിച്ചത്. 3,15,580 ഡോസ് വാക്‌സിൻ കൂടി ബാക്കിയുണ്ട്. കേന്ദ്ര സർക്കാൽ തന്നതിൽ കൂടുതൽ ഇതിനോടകം നൽകി കഴിഞ്ഞു എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യ പ്രവർത്തകരെ ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നു.

വാക്‌സിനുകൾ ലഭിക്കുന്നില്ല എന്നതാണ് നിലവിൽ നേരിടുന്ന പ്രശ്‌നം. ഒന്നുകിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാൻ കഴിയുന്ന വിധത്തിൽ വാക്‌സിൻ വിതരണം ഉറപ്പുവരുത്തുകയെങ്കിലും വേണം.

എല്ലാ വാക്‌സിനും നൽകേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനാണെന്ന് ആവർത്തിച്ച് പറയുകയാണ്. ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരുതരത്തിലും ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *