Monday, January 6, 2025
Kerala

മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം ചെയ്തു; ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് ചെന്നിത്തല

കസ്റ്റംസ് നൽകിയ സത്യവാങ്മൂലത്തിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്ന് പേർക്കും പങ്കുണ്ടെന്ന് സ്വപ്‌ന വെളിപ്പെടുത്തിയെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം

മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റമാണ് ചെയ്തത്. കോടതിയിൽ തെളിവായി അംഗീകരിക്കുന്ന മൊഴി അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ട് രണ്ട് മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരായി നടപടി സ്വീകരിച്ചില്ലെന്നത് ഗൗരവമായ കാര്യമാണ്

മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ് കേസ് മരവിപ്പിക്കുന്ന നിലയിലക്ക് എത്തിയത്. ഇത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി വേണം കാണാൻ. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന മൊഴി നൽകിയതായാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്.

കോൺസുൽ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. മുൻ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർക്കും ഈ ഇടപാടുകളിൽ പങ്കുണ്ട്. കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി പ്രകാരം കസ്റ്റംസ് പറയുന്നു

 

 

 

Leave a Reply

Your email address will not be published. Required fields are marked *