നേതൃത്വത്തിനെതിരായ എം കെ രാഘവന്റെ പരസ്യ പ്രസ്താവന: വിമര്‍ശിച്ചും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍
നേതൃത്വത്തിനെതിരായ എം കെ രാഘവന്റെ പരസ്യ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്ഗ്രസ് നേതാക്കള്‍. എം കെ രാഘവനെതിരെ കെ സി വേണുഗോപാല്‍ തുറന്നടിച്ചപ്പോള്‍ രാഘവന്‍ പറഞ്ഞത് വസ്തുതകള്‍ എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. രാഘവനെതിരായ കോഴിക്കോട് ഡി സിസിയുടെ റിപ്പോര്‍ട്ടിന്മേല്‍ കെപിസിസിയുടെ നടപടി എന്തായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് മറ്റു നേതാക്കള്‍.
നേതൃത്വത്തെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങളാണ് പൊതുവേദിയില്‍ എം കെ രാഘവന്‍ എം പി നടത്തിയത്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.
എം കെ രാഘവനെ തള്ളി കെ സി വേണുഗോപാല്‍ രംഗത്ത് എത്തിയതിനു പിന്നാലെ നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ തുറന്നടിച്ചു. രാഘവന്‍ പറഞ്ഞത് പൊതുവായ വികാരമാണെന്നും അടിയന്തരമായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
അതേസമയം, നേതാക്കളുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തയ്യാറായില്ല. പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും, മുതിര്‍ന്ന നേതാക്കള്‍ തന്നെ അത് ലംഘിക്കുന്നത് പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. പുനഃസംഘടനാ നടപടികളില്‍ അതൃപ്തരായ കൂടുതല്‍ നേതാക്കള്‍ പരസ്യമായി രംഗത്തേക്ക് വരുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അത്തരം നീക്കങ്ങള്‍ക്ക് തടയിടാന്‍ ഹൈക്കമാന്റ് ഇടപെടലും ഉണ്ടായേക്കും.