Sunday, April 13, 2025
Kerala

ക്രൂരത, ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കുഞ്ഞിന്‍റെ ഡിഎൻഎ സാമ്പിൾ പരിശോധിച്ച് അറസ്റ്റ്

ചാരുംമൂട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. നൂറനാട് സ്വദേശിനിയായ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി ഗർഭിണിയായിക്കിയ കേസിൽ ചുനക്കര വില്ലേജിൽ നടുവിലെ മുറിയിൽ രാജീവ് ഭവനത്തിൽ രാജീവിനെ (46) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 11 മാസങ്ങൾക്ക് മുമ്പ് ഒരു ദിവസം ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമിച്ച് കയറി ഉപദ്രവിച്ചത്.

വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. മാസങ്ങൾ കഴിഞ്ഞു വയറുവേദന അനുഭവപ്പെട്ട് തുടങ്ങിയപ്പോഴാണ് താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടിക്ക് മനസിലായത്. തുടർന്നും പ്രതിയിൽ നിന്ന് ഭീഷണിയുണ്ടായിരുന്നു. ഇതുമൂലം വീട്ടുകാരോട് വിവരം പറയാൻ മടിച്ചു. എന്നാല്‍ വയറുവേദന കലശലായതിനെ തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്യുകയായിരുന്നു.

പക്ഷേ, പ്രതി ആരാണെന്ന് പറഞ്ഞ് മനസിലാക്കാൻ സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനായി വിദഗ്ധരായ അധ്യാപകരുടെ സഹായവും പൊലീസ് തേടിയിരുന്നു. പക്ഷേ പ്രതിയെക്കുറിച്ചുള്ള ഒരു സൂചനയും പെൺകുട്ടിക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല.

ഇതോടെ വ്യാപകമായ അന്വേഷണം തന്നെ പൊലീസ് നടത്തി. ചുനക്കര വില്ലേജിൽ നടുവിലെ മുറിയിൽ രാജീവ് ഭവനത്തിൽ രാജീവിനെ (46) സംശയം തോന്നി കാര്യങ്ങൾ തിരക്കിയെങ്കിലും ആദ്യം പ്രതി വിസമ്മതിക്കുകയായിരുന്നു. തുടർന്ന് രാജീവന്‍റെ ഫോട്ടോ പെൺകുട്ടിയെ കാണിച്ചതോടെ കേസില്‍ വഴിത്തിരിവായി. എന്നാലും പൂര്‍ണമായ തിരിച്ചറിയാൻ പെണ്‍കുട്ടിക്ക് സാധിച്ചില്ല.

ഭാഗികമായി തിരിച്ചറിയുകയും ചെയ്തുവെങ്കിലും സംഭവം പ്രതി നിക്ഷേധിച്ചതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. പെൺകുട്ടിയുടെയും കുഞ്ഞിന്‍റെയും രാജീവന്‍റെയും രക്ത സാമ്പിളുകൾ ശേഖരിച്ചു ഡി എൻ എ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെയും കുഞ്ഞിനെയും പൊലീസ് വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. രാജീവ് കുറ്റം പൂർണമായി നിഷേധിച്ചിട്ടുള്ളതിനാൽ സംശയിക്കുന്നവരുടെ മറ്റൊരു പട്ടികയും പൊലീസ് തയ്യാറാക്കിയിരുന്നു.

കഴിഞ്ഞ ദിവസം രക്തസാമ്പിളുകൾ പരിശോധിച്ച ശേഷമുള്ള ഡിഎൻഎ പരിശോധനാ ഫലത്തിൽ നിന്ന് രാജീവ് തന്നെയാണ് കുഞ്ഞിന്‍റെ പിതാവെന്ന് വ്യക്തമായി. തുടർന്ന് പ്രതിയായ രാജീവിനെ കഴിഞ്ഞ ദിവസം നൂറനാട് സി ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണങ്ങൾ നടത്തുമെന്ന് സി ഐ അറിയിച്ചു.

­

Leave a Reply

Your email address will not be published. Required fields are marked *