പാലായിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ചു; മൂന്നംഗ സംഘം പിടിയിൽ
പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്കും ഭർത്താവിനും നേരെ ആക്രമണം. ഞൊണ്ടിമാക്കൽ സ്വദേശിയായ ജിൻസിയുടെ വയറ്റിൽ ചവിട്ടി പരുക്കേൽപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയോട് പ്രദേശത്തുള്ള വർക്ക് ഷോപ്പിലെ ജീവനക്കാർ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തത് ഭർത്താവ് ചോദ്യം ചെയ്യുകയും ഇവർ യുവാവിനെയും യുവതിയെയും മർദിക്കുകയുമായിരുന്നു
ഭർത്താവ് അഖിലിനെയാണ് അക്രമി സംഘം ആദ്യം അടിച്ചുവീഴ്ത്തിയത്. ഇത് തടയാനെത്തിയപ്പോഴാണ് ജിൻസിയുടെ വയറ്റിൽ ഇവർ ചവിട്ടിയത്. വർക്ക് ഷോപ്പ് ഉടമയടക്കം മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരാണ് അറസ്റ്റിലായത്.
ആറ് മാസം ഗർഭിണിയായ ജിൻസിക്ക് വയറ്റിൽ ചവിട്ടേറ്റതിനെ തുടർന്ന് രക്തസ്രാവമുണ്ടായി. ജിൻസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.