തിരഞ്ഞെടുപ്പ് പൊതുസമ്മേളനം: പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കോവിഡിന്റെ സാഹചര്യത്തില്‍ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. പൊതുസമ്മേളനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും കര്‍ശനമായി പാലിക്കുകയും വേണം.
സംസ്ഥാന ആരോഗ്യവകുപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നടത്തിയ വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള്‍, സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെല്ലാം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.