Tuesday, January 7, 2025
Kerala

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും

ഭരണ ഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരിൽ രാജിവച്ച സജി ചെറിയാൻ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകിട്ട് നാലു മാണിക്കാണ് ചടങ്ങ്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഗവർണർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. മന്ത്രിസഭയിൽ തിരിച്ചെത്തുമ്പോൾ സജി ചെറിയാന് നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സംസ്‌കാരികം, യുവജനക്ഷേമ വകുപ്പുകൾ തന്നെ ലഭിച്ചേയ്ക്കും. ആശയക്കുഴപ്പങ്ങളില്ലെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് സജി ചെറിയാൻ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. സർക്കാർ -ഗവർണർ പോരിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് അനുമതി നൽകിയത്. വിഷയത്തിൽ അറ്റോർണി ജനറലിനോടും ഗവർണർ നിയമോപദേശം തേടിയിരുന്നു.

ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. ഭരണഘടനയെ അവഹേളിച്ച പ്രസംഗം അതുപോലെ നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം അറിയിക്കും. രാവിലെ ഡിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് സംഘടിപ്പിക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ജില്ലകളിൽ സത്യപ്രതിജ്ഞ നടക്കുന്ന ഇന്ന് കരിദിനമായി ആചരിക്കാനുമാണ് പാർട്ടി തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *