Saturday, October 19, 2024
Kerala

സജി ചെറിയാൻറെ സത്യപ്രതിജ്ഞ നാളെ; ഗവർണർ അനുമതി നൽകി

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരി‍ൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. സജിചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ നടക്കും. ഗവർണർ അനുമതി നൽകി. നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ഗവർണർ അറ്റോർണി ജനറലിനോടും നിയമപദേശം തേടിയിരുന്നു.

ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഗവര്‍ണറുടെ നിയമോപദേഷ്ടാവ് ഡോ. എസ്. ഗോപകുമാരന്‍ നായര്‍ നല്‍കിയിരിക്കുന്ന ഉപദേശത്തില്‍ പറയുന്നു.

അതേസമയം സജി ചെറിയാന് ക്ളീന്‍ ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരൻ തിരുവല്ല കോടതിയെ സമീപിച്ചു. പൊലീസ് റിപ്പോ‍ർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹർജിയിൽ തീരുമാനമാകും വരെ തീരുമാനം മാറ്റിവയ്ക്കണമെന്നുമാണ് ആവശ്യം. മല്ലപ്പളളി പ്രസംഗക്കേസിലെ പരാതിക്കാരനായ അഡ്വ. ബൈജു നോയലാണ് തടസവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി പൊലീസ് ആത്മാർഥതയില്ലാത്ത അന്വേഷണം നടത്തിയ സാഹചര്യത്തിൽ കേസ് സിബിഐയെയോ കർണാടക പൊലീസിനെയോ ഏൽപ്പിക്കണമെന്നാണ് ഹൈക്കോടതിയിലെ ഹർജിയിലെ ആവശ്യം. സജി ചെറിയാൻ ഭരണാഘടനയെ അവഹേളിച്ച് സംസാരിച്ചതിന് തെളിവില്ലെന്ന കണ്ടെത്തലോടെയാണ് തിരുവല്ല പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട് നൽകിയത്.

Leave a Reply

Your email address will not be published.