സജി ചെറിയാൻ വീണ്ടും രാജിവയ്‌ക്കേണ്ടി വരും’- പ്രകാശ് ജാവദേക്കർ എംപി
എം.എൽ.എ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജ്യസഭാ എംപി പ്രകാശ് ജാവദേക്കർ. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ഭരണഘടനയെ അവഹേളിക്കുകയും പിന്നീട് മന്ത്രിസഭയിൽ തിരിച്ചെടുക്കുകയും ചെയ്യുന്ന ഒരു മന്ത്രിയെ ആദ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയെക്കുറിച്ചുള്ള സജി ചെറിയാന്റെ പ്രസ്താവനകളെ അപലപിക്കുന്നു. ഭരണഘടനയേയും ഡോ അംബേദ്കറെയുമാണ് അദ്ദേഹം അപമാനിച്ചത്. വ്യക്തമായ തെളിവ് ഉണ്ടായിട്ടും പൊലീസ് ക്ലീൻ ഷീറ്റ് നൽകി. കമ്മ്യൂണിസ്റ്റു പാർട്ടി ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
സജി ചെറിയാൻ വീണ്ടും രാജിവയ്ക്കുമെന്നും, പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യം, മയക്കുമരുന്ന്, ലോട്ടറി, കുറ്റകൃത്യം, കള്ളക്കടത്ത് ഇവയാണ് ഇടത് സർക്കാരിന്റെ അഞ്ച് പോയിന്റുകൾ. ഈ സർക്കാർ കേരളത്തെ നശിപ്പിക്കുകയാണെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കടന്നാക്രമിച്ചുകൊണ്ട് രാജ്യസഭാ എംപി പറഞ്ഞു.