ശിക്ഷ റദ്ദാക്കണം: സിസ്റ്റര്‍ സെഫിയും കോട്ടൂരും ഹൈക്കോടതിയില്‍
അഭയ കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഇന്നോ, നാളെയോ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
അപ്പീല്‍ സ്വീകരിക്കണം, ശിക്ഷാവിധി അടിയന്തരമായി റദ്ദാക്കണം, പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഒരുക്കണം, കീഴ്‌ക്കോടതി തെളിവുകള്‍ കാര്യമായി പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് അപ്പീലില്‍ ഉന്നയിക്കുന്നത്.
ഇരുവര്‍ക്കും വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരാണ് ഹാജരാകുന്നത്. നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെ വീഡിയോ ടേപ്പ് മാത്രമാണ് വിധിക്ക് അടിസ്ഥാനം, മോഷണക്കേസില്‍ പ്രതിയായ ഒരാളുടെ സാക്ഷി മൊഴി മാത്രം വിശ്വസിച്ചാണ് വിധി പറഞ്ഞത്. അതിന് പ്രസക്തിയും വിശ്വാസ്യതയുമില്ല. പ്രധാനപ്പെട്ട സാക്ഷികളെല്ലാം പ്രതികള്‍ക്ക് അനുകൂലമായാണ് മൊഴി നല്‍കിയത്. തുടങ്ങിയ കാര്യങ്ങളും അപ്പീലില്‍ ഉന്നയിക്കും.
എന്നാല്‍ ഇത്തരത്തിലൊരു കേസില്‍ വിധി റദ്ദാക്കുമെന്ന് സംശയമുണ്ട്. ഡിസംബര്‍ 23നാണ് കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി വിധി പറഞ്ഞത്. രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവാണ് ശിക്ഷ. കൊലപാതകത്തിനും അതിക്രമിച്ച് കടക്കലിനും ഇരട്ട ജീവപര്യന്തവും ആറ് ലക്ഷം രൂപയും ഒന്നാം പ്രതി കോട്ടൂരിനും മൂന്നാം പ്രതി സെഫിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ തടവ് ഒരു വര്‍ഷം കൂടെ അനുഭവിക്കേണ്ടി വരും.