ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് കേരളത്തിലും; 6 പേർക്ക് രോഗം സ്ഥിരീകരിച്ചു
യുകെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലെത്തിയ ആറ്‍ പേർക്കാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് –2, ആലപ്പുഴ– 2, േകാട്ടയം –1, കണ്ണൂർ–1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.
തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. ആശങ്ക വേണ്ട, പക്ഷേ ജാഗ്രത വേണം. മാസ്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ പിന്തുടരുക. പുതിയ വൈറസും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. വൈറസ് സ്ഥിരീകരിച്ച ജില്ലകള്‍ക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച രാത്രി 7.45 ന് നടത്തിയ അടിയന്തര വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിലെ കൊറോണ വൈറസിനെക്കാൾ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം എർപ്പെടുത്താൻ അയർലൻഡ്, ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു.